ജനങ്ങളെക്കാണത്ത നയ പ്രഖ്യാപനം.
പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നയപ്രഖ്യാപനം എന്ന നിലയിൽ ബഹുമാനപ്പെട്ട രാഷ്ട്രപതി ഇന്ന് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിന് മുൻപാക്കെ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് ഏറെ പ്രാധാന്യമാണ് കൽപ്പിച്ചിരുന്നത്.
പക്ഷെ നിരാശപ്പെടുത്തി.രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധികളെ കുറിച്ച് ഒരു കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാൻ പോലും നയ പ്രഖ്യാപന പ്രസംഗത്തിനായില്ല.പരാമർശിച്ച വിഷയങ്ങളിൽ ആകട്ടെ സർക്കാരിൻറെ ആത്മാർത്ഥതയില്ലായ്മ പ്രകടമായിരുന്നു.വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോൾ മണിപ്പൂർ എന്ന പേര് പോലും രാഷ്ട്രപതി പരാമർശിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധിച്ചിരിക്കുന്നു.
പ്രതിരോധ രംഗത്തെക്കുറിച്ച് പറഞ്ഞപ്പോൾ അഗ്നിവീറിനെ കുറിച്ച് നിശബ്ദമായി.ഉന്നത വിദ്യാഭ്യാസമേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കി എന്നവകാശപ്പെടുന്ന നയപ്രഖ്യാപനം നീറ്റ്,നെറ്റ് പരീക്ഷാ കുംഭക്കോണത്തെ തുടർന്ന് ആശങ്കയിലായ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും ആത്മവിശ്വാസം നൽകുന്ന ഒന്നും മിണ്ടിയില്ല.
രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ചും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ചും കുറ്റകരമായ മൗനമാണ് നയ പ്രഖ്യാപന പ്രസംഗം പുലർത്തുന്നത്.അനുദിനം റെയിൽവേ അപകടങ്ങൾ വർധിക്കുന്നു.സുരക്ഷാ വിഭാഗങ്ങളിലും,ലോക്കോ പൈലറ്റ് വിഭാഗത്തിലും പതിനായിരക്കണക്കിന് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു.ഇതൊന്നും നയപ്രഖ്യാപനത്തിൽ വന്നതേയില്ല.ജീവിതചിലവ് കുതിച്ചുയരുന്നു.വിലക്കയറ്റം പ്രതിപാദ്യ വിഷയമേയായില്ല!!.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളഞ്ഞ അതേ നയങ്ങളുടെ തുടർച്ചയാകും മൂന്നാം സർക്കാരിനും എന്ന സന്ദേശമാണ് ഇന്നത്തെ നയപ്രഖ്യാപന പ്രസംഗത്തിലൂടെ മനസ്സിലായത്.
പക്ഷേ ശക്തമായ പ്രതിപക്ഷ നിരയുടെ കരുത്ത് വരും ദിവസങ്ങളിൽ ഭരണപക്ഷം തിരിച്ചറിയുമെന്ന് കാര്യം ഉറപ്പാണ്.
0 Comments